അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; വെടിയുതിര്‍ത്തത് ഇന്ത്യയെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം നടന്നുവെന്ന് ചൈന. ഇന്ത്യന്‍ സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങളുടെ സൈനികര്‍ പ്രത്യാക്രമണം നടത്തി എന്നാണ് ചൈനയുടെ അവകാശവാദം.

പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പര്‍വത പ്രദേശത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായെന്ന് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാല്‍വന്‍ സംഘര്‍ഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല. പാംഗോങ്ങിന് തെക്കുള്ള ഉയരം കൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിധ്യം ചൈനയുടെ ഫിംഗര്‍ നാല്, സ്പങ്കൂര്‍, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്.

അതിനിടെ, അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.

Top