ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 95.6 ശതമാനം വരെ ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി: ഫൈസര്‍/ബയോടെക് കൊവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് അണുബാധയ്‌ക്കെതിരെ 95.6 ശതമാനം വരെ ഫലപ്രദമാണെന്ന് പുതിയ പഠനം. ബൂസ്റ്റര്‍ ഡോസിനെപ്പറ്റിയുളള ആലോചനകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫൈസര്‍/ബയോടെക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങള്‍ കമ്പനി വ്യാഴാഴ്ച പുറത്തുവിട്ടു.16 വയസും അതില്‍ കൂടുതലുമുള്ള 10,000 പേര്‍ ഒരു ബൂസ്റ്റര്‍ ഡോസ് ട്രയലില്‍ പങ്കെടുത്തു. ഡെല്‍റ്റ വ്യാപകമായിരുന്ന ഒരു കാലഘട്ടത്തില്‍, ഫൈസര്‍/ബയോടെക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിനെതിരെ 95.6 ശതമാനം ആപേക്ഷിക വാക്‌സിന്‍ ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. പ്രാഥമിക ഫലങ്ങള്‍ എത്രയും വേഗം റെഗുലേറ്ററി ഏജന്‍സികളുമായി പങ്കിടുമെന്നും അവര്‍ വ്യക്തമാക്കി.

വാക്‌സിനേഷന്‍ എടുത്തിട്ടുള്ള ആളുകളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ പല രാജ്യങ്ങളും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില പഠനങ്ങള്‍ പ്രകാരം മാസങ്ങള്‍ക്കുശേഷം അവരുടെ സംരക്ഷണം കുറയുകയും ചെയ്‌തേക്കാം. യു.എസില്‍, ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) സെപ്തംബറില്‍ 65 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും കൂടാതെ വേഗം കൊവിഡ് ബാധിക്കാനും ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരാനും സാദ്ധ്യതയുടെ ആളുകള്‍ക്കും മൂന്നാമത്തെ ഡോസ് നല്‍കുന്നത് അംഗീകരിച്ചിരുന്നു.

യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇ.എം.എ) ഒക്ടോബര്‍ തുടക്കത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് അംഗീകരിച്ചിരുന്നു. ഏത് ഗ്രൂപ്പുകള്‍ക്ക് ആദ്യം അര്‍ഹതയുണ്ടെന്ന് തീരുമാനിക്കാന്‍ ദേശീയ റെഗുലേറ്റര്‍മാരെ അനുവദിക്കുകയും ചെയ്തു. അതേസമയം ഇസ്രായേലില്‍, 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് അംഗീകരിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top