ഖത്തറില്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ അത് വൈകിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

ദോഹ: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ അര്‍ഹതയുള്ള ആളുകള്‍ അത് എടുക്കുന്നത് വൈകിപ്പിക്കരുതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പ്രതിരോധ ശേഷിയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി സ്വദേശികളും പ്രവാസികളും കുത്തിവയ്‌പ്പെടുക്കാന്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബര്‍ 15 മുതലാണ് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മൂന്നാം ഡോസ് വാക്സിന്‍ വിതരണം ചെയ്ത് തുടങ്ങിയത്. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കാണ് ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ വാക്സിനുകള്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രായപരിഗണനയില്ലാതെയുമാണ് മുന്‍ഗണനാ ക്രമത്തില്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നത്.

ഒരു ഡോസ് എടുത്ത് എട്ടു മാസത്തിനു ശേഷം കൊവിഡിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്രമേണ ക്ഷയിച്ചുവരുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയതായി മന്ത്രാലയത്തിലെ വാക്സിനേഷന്‍ വിഭാഗം അധ്യക്ഷ ഡോ. സൊഹ അല്‍ ബയാത്ത് പറഞ്ഞു. നിലവില്‍ മൂന്നാം ഡോസിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ അത് സങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവും. അതിനാല്‍ ഈ മുൻഗണന വിഭാഗത്തില്‍ പെട്ടവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു.

അതിനിടെ, ഖത്തറില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ത്തില്‍ താഴെയായി കുറഞ്ഞു. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെ മാത്രമാണ്. ഖത്തറിലെ ജനജീവിതം സാധാരണ നിലയിലാകുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.

 

 

Top