ചെലവഴിക്കല്‍ ശേഷിയില്‍ കുതിപ്പ്: രണ്ട് ഡസനിലധികം ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക്

ഈവര്‍ഷം ഇന്ത്യയില്‍ രണ്ട് ഡസനിലധികം ആഗോള ബ്രാന്‍ഡുകള്‍ ഷോറും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡിനുശേഷമുള്ള ഉപഭോഗവര്‍ധന ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ നീക്കം.

2020ല്‍ ഒരു ബ്രാന്‍ഡുമാത്രമാണ് ഇന്ത്യയിലെത്തിയതെങ്കില്‍ 2021ല്‍ മൂന്നായും 2022ല്‍ പതിനൊന്നായും ഉയര്‍ന്നിരുന്നു. ഒരുവര്‍ഷം പിന്നിടുംമുമ്പാണ് രണ്ട് ഡസനോളം വന്‍കിടക്കാര്‍ രാജ്യത്തെ വിപണിയില്‍ മത്സരത്തിനെത്തുന്നത്.

ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, ബ്രിട്ടീഷ് ആഡംബര ഉത്പന്ന ബ്രാന്‍ഡായ ഡണ്‍ഹില്‍, അമേരിക്കന്‍ സ്‌പോട്‌സ് വെയര്‍, ഫുട്‌വെയര്‍ റീട്ടെയ്‌ലറായ ഫൂട്ട് ലോക്കര്‍ എന്നിവ ഇന്ത്യയിലേയ്ക്ക് കടക്കാനുളള ചര്‍ച്ചയിലാണ്.

ഇറ്റലിയിലെ ലാവാസ, അര്‍മാനി കഫേ, യുഎസിലെ ജാംബ, ഓസ്‌ട്രേലിയയില്‍നിന്നുള്ള കോഫി ക്ലബ് തുടങ്ങിയ ശൃംഖലകളും ഈ വര്‍ഷംതന്നെ ഇന്ത്യയിലേയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാലന്റീനോ, മക്ലാരന്‍, ബലെന്‍സിയാഗ എന്നിവ ഉള്‍പ്പടെ ഒരു ഡസനിലധികം ആഗോള ബ്രാന്‍ഡുകള്‍ ഇതിനകം രാജ്യത്ത് സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു.

ആദിത്യ ബിര്‍ള, റിലയന്‍സ് എന്നിവയുമായി സഹകരിച്ചായിരിക്കും ചില വന്‍കിട ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ഷോറൂം തുറക്കുക. ആദിത്യ ബിര്‍ള ഫാഷന്‍ ലിമിറ്റഡ് ഗാലറീസ് ലാഫയെറ്റുമായി ഈയിടെ ധാരണയിലെത്തിയിരുന്നു. ഇ-കൊമേഴ്‌സ്, ഓഫ് ലൈന്‍ ഷോറൂം എന്നിവ വഴിയുള്ള വ്യാപാരവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

ചൈനീസ് ഫാഷന്‍ ഭീമനായ ഷെയ്‌നെ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റിലയന്‍സ് റീട്ടെയില്‍. ഇന്ത്യയിലുടനീളമുള്ള വന്‍കിട ഷോപ്പുകളില്‍ എച്ച്ആന്‍ഡ്എം സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ വന്‍കിട കമ്പനികളുമായി സഹകരിച്ചാണ് ഇവരുടെ വരവെന്നതും ശ്രദ്ധേയമാണ്.

റീട്ടെയില്‍ വ്യാപാരരംഗത്ത് ലോകമെമ്പാടുമുള്ള വന്‍കിട രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ആഗോള ബ്രാന്‍ഡുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി ഇന്ത്യമാറുകയാണ്. രാജ്യത്തെ നഗരങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി വന്‍തോതില്‍ വര്‍ധിക്കുന്നതായാണ് ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ കാരണം. വസ്ത്രം, സൗന്ദര്യവര്‍ധക വസ്തു, പാദരക്ഷ, വാച്ച്, ഭക്ഷണം, ആഭരണം തുടങ്ങിയ മേഖലകളില്‍ വന്‍ സാധ്യതകളാണ് രാജ്യത്തുള്ളതെന്നാണ് വിലയിരുത്തല്‍.

Top