സ്‌കോര്‍പിയോ എന്‍ ബുക്കിങ്ങ് തുടങ്ങി

ന്ത്യന്‍ നിരത്തുകളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കോര്‍പിയോയുടെ ആഘോഷത്തിന്റെ ഭാഗമായി മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്ന പുതിയ സ്‌കോര്‍പിയോ എന്‍ എസ്.യു.വിയുടെ ബുക്കിങ്ങ് ശനിയാഴ്ച ആരംഭിച്ചു. ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന വിശേഷണവുമായി എത്തിയിട്ടുള്ള ഈ വാഹനം 21,000 രൂപ ആഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഷോറൂമുകളിലും വാഹനം ബുക്കുചെയ്യാം.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകും. അതേസമയം, ആദ്യം ബുക്ക് ചെയ്യുന്ന 25,000 ആളുകള്‍ക്ക് പ്രത്യേക ആമുഖ വിലയില്‍ സ്‌കോര്‍പിയോ എന്‍ ലഭിക്കും.

വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി സെപ്റ്റംബര്‍ 26-ന് സ്‌കോര്‍പിയോ എന്നിന്റെ വിതരണം ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ 20,000 യൂണിറ്റ് സ്‌കോര്‍പിയോയുടെ വിതരണം പൂര്‍ത്തിയാക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ഉയര്‍ന്ന വേരിയന്റാണ് കൂടുതലായി നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Top