ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബജാജ്. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണ് ചേതക് ഇലക്ട്രിക്. ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് / ഏപ്രില്‍ മാസത്തിലും സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രണ്ടാമതും ബുക്കിംഗ് നിര്‍ത്തുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും.

ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

Top