വലിയ മാറ്റങ്ങളുമായി പുതിയ ഹ്യുണ്ടേയ് ക്രേറ്റ വരുന്നു; ബുക്കിങ് ആരംഭിച്ചു

നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു. ജനുവരി 16ന് വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ മോഡലിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചു. ക്രേറ്റയുടെ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. 25000 രൂപ നൽകി പുതിയ മോഡൽ ബുക്ക് ചെയ്യാം. നിലവിലെ ക്രേറ്റ ബുക്ക് ചെയ്തവർക്ക് പുതിയ മോഡലിലേക്ക് മാറാനും അവസരമുണ്ട്.

2020 ന് ശേഷം വലിയ മാറ്റങ്ങളുമായാണ് പുതിയ ക്രേറ്റ എത്തുന്നത്. പുതിയ ബോക്സി ഗ്രില്ലും ഹെഡ്‌ലാംപും ബംബറുമാണ് വാഹനത്തിന്. വലുപ്പം കൂടിയ ഗ്രില്ലിനും ബോണറ്റിനും ഇടയിലൂടെ ഫുൾ ലെങ്ത്ത് എൽഇഡി സ്ട്രിപ്പുണ്ട്. ബംപറിലാണ് റെക്റ്റാഗുലർ ഡിസൈനുള്ള ഹെഡ്‌‌ലാംപ് കൺസോളിന്റെ സ്ഥാനം. പുതിയ ടെയിൽഗേറ്റാണ്. ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽ ലാംപും റീഡിസൈൻഡ് പിൻ ബംപറുമുണ്ട്. ‍

ഡാഷ്ബോർഡ് ഡിസൈൻ പുതുക്കിയിട്ടുണ്ട്. കിയ സെൽറ്റോസിന് സമാനമായ 10.25 ഇഞ്ച് കണക്റ്റഡ് സ്ക്രീൻ. എസി വെന്റുകൾക്ക് ടച്ച് പാഡിനും ബട്ടനുകൾക്കുമെല്ലാം പുതു രൂപം നൽകി. കൂടാതെ പുതിയ സ്റ്റോറേഡ് സൗകര്യങ്ങളും വന്നിരിക്കുന്നു. പുതുക്കിയ ബ്ലൂ ലിങ്കും അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സേഫ്റ്റി ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്.

രണ്ട് പെട്രോൾ എൻജിൻ വേരിയന്റുകളും ഒരു ഡീസൽ എൻജിൻ മോ‍‍ഡലുമുണ്ടാകും. ഭാവിയിൽ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയിലെത്തും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകള്‍. സിവിടി, ടോർക്ക് കൺവേർട്ടർ, മാനുവൽ ഗിയർബോക്സുകൾ. 1.4 ലീറ്റർ ടർബോ പെട്രോളിന് പകരം 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ എത്തും. മാനുവൽ, ഡിസിടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.

Top