മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴിയും ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ബെവ്‌റേജസ് വഴി മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴി ബുക്കിംഗ് ആരംഭിച്ചതായി ഫെയര്‍കോഡ് അറിയിച്ചു. ബെവ്ക്യു ആപ് നിര്‍മ്മിച്ച കമ്പനിയാണ് ഫെയര്‍കോഡ്. ട്രയല്‍ റണ്‍ സമയത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം. ബീറ്റ വേര്‍ഷന്‍ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിംഗ് 75,000 പിന്നിട്ടതായും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

രാവിലെ 6 മണി വരെ ബുക്കിംഗ് നടത്താം. പതിനായിരത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. എസ്എംഎസ് ചിലര്‍ക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതല്‍ പേര്‍ എത്തിയത് കൊണ്ടാണെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന തുടങ്ങുക. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബാര്‍, ബിവറേജസ് കൗണ്ടറുകള്‍ പൂട്ടും.

ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. മദ്യത്തിന്റെ ടോക്കണ്‍ ബുക്കിംഗിനും നാളെ മുതല്‍ നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 10 മണി വരെയാകും ടോക്കണ്‍ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവില്‍ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കണ്‍ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാള്‍ക്കും ബാര്‍, ബവ്‌റിജസ്, ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം വില്‍ക്കില്ല. 301 ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്.

Top