രണ്ടുതവണ ബുക്കർ പുരസ്‌കാരം, വിഖ്യാത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു

ലണ്ടൻ: വിഖ്യാത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു. ‘വോൾഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കർ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ് ഹിലരി. എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാർപർ കോളിൻസ് ആണ് മരണവിവരം പുറത്തുവിട്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളിൽ ഒരാളായി പ്രസാധകർ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോൾഫ് ഹാൾ, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കർ പ്രൈസ് ജേതാവാക്കിയത്. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റർ സേഫ്റ്റി’ എന്ന തലക്കെട്ടിൽ 1992ൽ പുറത്തിറങ്ങിയ നോവൽ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷൻ, എയ്റ്റ് മന്ത്‌സ് ഓൺ ഗാസ സ്ട്രീറ്റ്, തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകൾ. ദ മിറർ ആൻഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.

1952 ജൂലൈ ആറിന് ഐറിഷ് വംശജരായ മാർഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളിൽ മൂത്തവളായി ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പിലാണ് ഹിലരി ജനിച്ചത്. പതിനൊന്നാം വയസ്സുമുതൽ അച്ഛനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചു. പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണെന്ന് ഹിലരി തന്റെ ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ജാക്ക് മാന്റൽ എന്ന രണ്ടാനച്ഛന്റെ കുടുംബപേര് തന്റെ പേരിനൊപ്പം സ്വീകരിച്ചാണ് വളർത്തച്ഛനോടുള്ള കടപ്പാട് അറിയിച്ചത്. 1973ൽ ജിയോളജിസ്റ്റായ ജെറാൾഡ് മാക്ഇവാനെ വിവാഹം കഴിച്ചു. 1981-ൽ ജെറാൾഡിൽ നിന്നും വിവാഹമോചനം നേടിയ ഹിലരി പിറ്റേവർഷം തന്നെ അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്തു.

Top