Bombers attack across Saudi Arabia including at mosque in Medina

റിയാദ് : സൗദി അറേബ്യയില്‍ നോമ്പുതുറ സമയത്ത് സ്‌ഫോടന പരമ്പര . മദീന പള്ളിക്ക് തൊട്ട് സമീപത്തും ഖത്തീഫിലുമാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

സ്‌ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിതീകരിച്ചു. ഇന്നലെ വൈകിട്ട് നോമ്പു തുറ സമയത്തായിരുന്നു സ്‌ഫോടനങ്ങള്‍.

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രവാചക നഗരിയായ മദീനയിലും കത്തീഫിലും സ്‌ഫോടന പരമ്പര അരങ്ങേറിയത്. മദീനയില്‍ മസ്ജിദ്ബനോക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസിന് സമീപം കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സ്‌ഫോടനം.

സംശയത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഗ്‌രിബ് നമസ്‌കാരത്തിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തുടരുമ്പോഴാണ് പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ പദ്ധതിയെന്നാണ് സൂചന.

കത്തീഫില്‍ ഷിയാ പള്ളിക്ക് സമീപത്തും നോമ്പുതുറ സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്നലെ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപത്തും ചാവേര്‍ ആക്രമണം അരങ്ങേറിയിരുന്നു. ചാവേറായെത്തിയ യുവാവ് പൊട്ടിത്തെറിക്കുകയായിരുന്നു. 30 കാരനായ ബ്രിട്ടീഷ് പൗരനാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു.

Top