മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമമുണ്ടാകുമെന്ന് മുംബൈ പൊലീസിന് പാക് നമ്പറിൽ നിന്ന് ഭീഷണി

mumbaipolice

മുംബൈ: മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്ന് മുംബൈ പൊലീസിന് പാക് നമ്പറിൽ നിന്ന് ഭീഷണി സന്ദേശം. വെള്ളിയാഴ്ച രാത്രി മുംബൈ പൊലീസ് ട്രാഫിക് കണ്ട്രോൾ സെല്ലിനാണ് സന്ദേശം ലഭിച്ചത്. 26/11 ഭീകരാക്രമണത്തിനോ, ഉദയ്പൂർ കൊലപാതകത്തിനോ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനോ സമാനമായ ആക്രമണം നടക്കുമെന്നാണ് സന്ദേശം. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

ട്രാഫിക് കൺട്രോൾ സെല്ലിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അത് ഒരു പാക് നമ്പറിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായും ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ‘എന്നെ കണ്ടെത്താൻ ശ്രമിച്ചാൽ, എന്റെ ലൊക്കേഷൻ ഇന്ത്യക്ക് പുറത്തായിരിക്കും, പക്ഷെ ആക്രമണം മുംബൈയിൽ നടക്കും, ഇന്ത്യയിൽ ആറ് പേർ ആക്രമണം നടത്തും’- എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഭീഷണിയെ കുറിച്ച് സുരക്ഷാ സേന അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. രാത്രിയും കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സേനകളടക്കമുള്ള എല്ലാ ഏജൻസികളെയും വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം പലപ്പോഴും സംഭവിക്കുന്നതു പോലെ ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവം ഗൌരവത്തിൽ എടുക്കണമെന്ന് എൻസിപിയും ശിവസേനയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top