എന്‍ഐഎ കുറ്റപത്രം റദ്ദാക്കണമെന്ന സാക്കിറിന്റെ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റും വിവാദ പ്രഭാഷകനുമായ സാക്കിര്‍ നായിക്ക് സമര്‍പ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന സാക്കിര്‍ നായിക്കിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ സാക്കിര്‍ നായിക്ക് ഇതുവരെയും സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

ബംഗ്ലാദേശ് തലസ്ഥാനമായ ഢാക്കയില്‍ നടന്ന ഭീകരാക്രമണത്തിനെത്തിയവര്‍ക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ സാക്കിറിന്റെ കീഴിലുള്ള ചില സംഘടനകള്‍ വിദേശത്ത് നിന്നും ലഭിക്കുന്ന ധനസഹായം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

അടുത്തിടെ ഇന്ത്യയില്‍ നിന്നും ഐസിസിലെത്തിയ യുവാക്കള്‍ക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് സാക്കിര്‍ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.

Top