ശില്‍പ ഷെട്ടിയുടെ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: നടി ശില്‍പ ഷെട്ടി മാധ്യമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയക്കെതിരേയും നല്‍കിയ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ശില്‍പ്പ മാനനഷ്ടക്കേസ് നല്‍കിയത്.

തന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ശില്‍പ കേസ് നല്‍കിയത്.

ശില്‍പ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് സോഷ്യല്‍ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലേ? നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് കുഴപ്പം? നിങ്ങള്‍ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ അല്ല. പോലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന ഇടപെടലുകള്‍ കോടതി നടത്തില്ലെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി പോകണം. ശില്‍പ്പയുടെ കുഞ്ഞുങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

Top