‘ദി റെയില്‍വേ മെന്‍’വെബ് സീരീസിന്റെ റിലീസ് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി തള്ളി ബോംബൈ ഹൈക്കോടതി

മുംബൈ:’ദി റെയില്‍വേ മെന്‍ – ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ഭോപ്പാല്‍ 1984′ എന്ന ഹിന്ദി വെബ് സീരീസിന്റെ റിലീസ് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി. സീരിസിന്റെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച മുംബൈ സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ് സിംഗിള്‍ ജഡ്ജി ജസ്റ്റിസ് ആരിഫ് ഡോക്ടറുടെ അവധിക്കാല ബെഞ്ച് ശരിവച്ചു.2023 നവംബര്‍ 18-നാണ് വെബ് സീരീസിന്റെ റിലീസ്.

1984 ലെ ഭോപ്പാല്‍ വാതക ചോര്‍ച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ (യുസിഐഎല്‍) രണ്ട് മുന്‍ ജീവനക്കാര്‍ മുംബൈ സിറ്റി സിവില്‍ കോടതിയുടെ സീരിസ് റിലീസ് തടയാന്‍ വിസമ്മതിച്ചുള്ള വിധിക്കെതികായ രണ്ട് അപ്പീലുകളാണ് കോടതി തള്ളിയത്.

1984 ലെ ഭോപ്പാല്‍ വാതക ചോര്‍ച്ച ദുരന്തവുമായ ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്കെതിരായ ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്ന നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ ആ വിഷയത്തില്‍ വെബ് സീരീസ് വരുന്നത് തങ്ങളുടെ നിയമ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചാണ് പ്രതികള്‍ സീരിസിന്റെ റിലീസിന് സ്റ്റേ ആവശ്യപ്പെട്ടത്.

വെബ് സീരീസിന്റെ റിലീസ് നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് 2022 നവംബര്‍ 25 ന് തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും. ആ സമയത്ത് വിമര്‍ശനം ഉയര്‍ന്നില്ലെന്ന കാര്യമാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്. ഹര്‍ജിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. പരമ്പരയുടെ സംപ്രേക്ഷണം യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ‘ഫിക്ഷനാണെന്ന്’ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് കോടതിയില്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി സീരിസിന്റെ പ്രത്യേക ഷോ നടത്തണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചില്ല.

Top