അജയ് ദേവ്ഗണ്‍ ചിത്രം ‘സിങ്ക’ത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്

അജയ് ദേവ്ഗണ്‍ നായകനായ ചിത്രമാണ് സിങ്കം.ചിത്രത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്.സിങ്കം പോലുള്ള ചിത്രങ്ങള്‍ സമൂഹത്തില്‍ ദോഷകരമായ സന്ദേശം നല്‍കുന്നുവെന്ന് ബോംബെ ഹൈക്കോടതി ജസ്റ്റിസ്. നിയമ നടപടികള്‍ ഒന്നും ഇല്ലാതെ വേഗത്തില്‍ നീതി നടപ്പാക്കുന്ന ഹീറോ പോലീസിന്റെ വേഷം നല്‍കുന്നത് മോശം സന്ദേശമാണെന്നാണ് ജസ്റ്റിസ് ഗൗതം പട്ടേല്‍ പറയുന്നത്. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസിന്റെ പരാമര്‍ശം.

നിയമനടപടികളോടുള്ള ജനങ്ങളുടെ അസഹിഷ്ണുതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് ഗൗതം പട്ടേല്‍ സംസാരിച്ചത്. സിങ്കം സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാഷ്ട്രീയക്കാരന് നേരെ മുഴുവന്‍ പോലീസ് സേനയും തിരിയുന്നു. ഇതുവഴി നീതി ലഭിച്ചുവെന്ന് കാണിക്കുന്നു. എത്ര അപകടകരമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. കോടതി നടപടിക്രമങ്ങള്‍ എന്നത് ഒരു നീണ്ട പ്രക്രിയയാണ്. അതിലൂടെ കടന്നുപോയാല്‍ മാത്രമേ നീതി ലഭിക്കൂ. എന്തുകൊണ്ടാണ് ആളുകള്‍ ഇത്ര അക്ഷമരാകുന്നതെന്നും ജസ്റ്റിസ് പട്ടേല്‍ ചോദിക്കുന്നു.

വിധേയനും ഭീരുവും കട്ടികൂടിയ കണ്ണട വച്ച് പലപ്പോഴും വളരെ മോശമായി വസ്ത്രം ധരിക്കുന്ന ആളുകളായാണ് സിനിമകളില്‍ ജഡ്ജിമാരെ കാണിക്കുന്നത്. കുറ്റവാളികളെ വെറുതെ വിടുന്ന ജഡ്ജിമാരും ഇവരെ വേട്ടയാടുന്ന പോലീസുമാണ് മിക്ക സിനിമകളിലുമുള്ളത്. നീതിക്കായി ഒറ്റയ്ക്ക് പോരാടുന്ന പോലീസുകാരാണ് ഇതുപോലുള്ള സിനിമകളിലെ നായകന്മാര്‍. കോടതികള്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്ന് പൊതുസമൂഹം ചിന്തിക്കുമ്പോള്‍, വിഷയത്തില്‍ പോലീസിന്റെ ഇടപെടല്‍ ആഘോഷമാക്കുകയാണ്. സിനിമയിലൂടെ ഇത്തരത്തിലുള്ള മോശം സന്ദേശങ്ങള്‍ ശക്തമായി പ്രതിഫലിക്കുന്നുവെന്നും ജസ്റ്റിസ് പട്ടേല്‍ ചൂണ്ടിക്കാട്ടി.

Top