വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് സ്ത്രീകൾ വിവാഹത്തിന് മുമ്പേ പറയണം: ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹിതയായ ഒരു സ്ത്രീയോട് ഭർത്താവിന്റെ വീട്ടുകാർ വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. ഐ.പി.സി 498A പ്രകാരം ഇത് ആ സ്ത്രീക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ അലഹബാദ് ബെഞ്ച് വിധിച്ചത്. യുവതി നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് സ്ത്രീകൾ വിവാഹത്തിന് മുമ്പേ തന്നെ പറയണമെന്നും, അങ്ങനെയാണെങ്കിൽ ഈ വിവാഹാലോചനയുമായി മുന്നോട്ട് പോകണമോ എന്ന് പുരുഷനും വീട്ടുകാർക്കും ഒന്നുകൂടി ചിന്തിക്കാൻ സമയം ലഭിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റ്‌സ് വിഭ വി. കൻകൻവാഡി, ജസ്റ്റിസ് രാജേഷ് എസ്. പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

”വിവാഹിതയായ ഒരു സ്ത്രീയോട് കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അത് അവരെ വേലക്കാരിയെപ്പോലെ കണക്കാക്കുകയാണെന്ന് പറയാനാവില്ല. വീട്ടുജോലികൾ ചെയ്യാൻ സ്ത്രീക്ക് താൽപര്യമില്ലെങ്കിൽ അക്കാര്യം വിവാഹത്തിന് മുമ്പ് തന്നെ പറയേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ വരന് വിവാഹത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ സാധിക്കും. ഇനി അത് വിവാഹശേഷമാണെങ്കിൽ പോലും അത്തരമൊരു പ്രശ്‌നം നേരത്തെ പരിഹരിക്കപ്പെടേണ്ടതായിരുന്നു.

കോടതിക്ക് മുന്നിൽ വന്ന ഈ എഫ്.ഐ.ആറിൽ, ഈ സ്ത്രീയുടെ ഭർതൃഗൃഹത്തിൽ പാത്രങ്ങൾ കഴുകൽ, വസ്ത്രം അലക്കൽ, തൂത്തുവാരൽ തുടങ്ങിയ ജോലികൾ ചെയ്യാൻ വേലക്കാരി ഉണ്ടായിരുന്നോ എന്ന കാര്യവും പരാമർശിക്കുന്നില്ല,” കോടതി നിരീക്ഷിച്ചു.

2019ൽ ഡിസംബറിൽ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞത് മുതൽ തന്നെ ഒരു വീട്ടുജോലിക്കാരിയോടെന്ന പോലെയാണ് ഭർത്താവിന്റെ വീട്ടുകാർ തന്നോട് പെരുമാറുന്നതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. പുതിയ കാറ് വാങ്ങുന്നതിന് വേണ്ടി ഭർതൃ വീട്ടുകാർ തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാൻ തന്റെ പിതാവ് തയ്യാറാകാതിരുന്നതോടെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.

എന്നാൽ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് തന്റെ അമ്മക്കും സഹോദരിക്കുമൊപ്പം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭർത്താവിനും വീട്ടുകാർമെതിരായ യുവതിയുടെ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. എഫ്.ഐ.ആർ തള്ളിക്കളഞ്ഞതിനൊപ്പം മജിസ്‌ട്രേറ്റ് കോടതിയിൽ പെൻഡിങ്ങുള്ള ക്രിമിനൽ നടപടികളും കോടതി മാറ്റിവെച്ചു.

Top