ബോംബെ ‘ബോംബ്’ ആയി: ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യക്കാരിക്ക് കിട്ടിയ പണി

ന്യൂഡല്‍ഹി: ബോംബെ എന്നതിന് പകരം ബോംബ് എന്നെഴുതിയ യാത്രക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ബുധനാഴ്ച രാവിലെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേയ്ന്‍ വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയില്‍ നിന്ന് ബ്രിസ്‌ബെയ്‌നിലെത്തിയ യാത്രക്കാരിയുടെ ബാഗ് കണ്ട് ജീവനക്കാരും യാത്രക്കാരും ഞെട്ടി. ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍'(Bomb to Brisbane) എന്നായിരുന്നു ബാഗിന് പുറത്തുണ്ടായിരുന്ന കുറിപ്പ്. അന്വേഷണത്തിനായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് സംഘം വിമാനത്താവളത്തിലെത്തി.

എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇന്ത്യയില്‍ നിന്നെത്തിയ ഒരു മുത്തശ്ശി ബോംബെ എന്നെഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് ബോംബ് ആയി മാറിയത്. സ്ഥലം തികയാതെ വന്നതോടെ ബോംബെ ‘ബോംബ്’ ആയി ചുരുങ്ങി. മുംബൈയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗിനു പുറത്താണ് ഈ കുറിപ്പുണ്ടായിരുന്നത്. പത്ത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മകളെ കാണാനായിരുന്നു വെങ്കടലക്ഷ്മിയുടെ യാത്ര.

ബോംബിന് താഴെ മുംബൈ എന്നെഴുതിയിരുന്നെങ്കിലും അതാരും ശ്രദ്ധിച്ചില്ല. വെങ്കട ലക്ഷ്മിയെ ഓസ്‌ട്രേലിയന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ വിട്ടയക്കുകയും ചെയ്തു.

Top