ഉത്തര്‍പ്രദേശിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി

ത്തര്‍പ്രദേശ് കാണ്‍പൂരിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്ര മതിലുകളില്‍ അജ്ഞാതര്‍ ഭീഷണി പോസ്റ്ററുകള്‍ പതിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം.

ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. ക്ഷേത്രത്തിന് ചുറ്റും സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ്.

രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയത്. ചില പോസ്റ്ററുകള്‍ ക്ഷേത്ര മതിലുകളില്‍ ഒട്ടിച്ച നിലയിലും, ബാക്കിയുള്ളവ ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറി കിടക്കുന്ന നിലയിലുമായിരുന്നു. ‘രാം ജാനകി’ ക്ഷേത്രത്തിന്റെ ട്രസ്റ്റി കൂടിയായ ബിജെപി നേതാവ് രോഹിത് സാഹുവിനും ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്.

Top