കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന് ബോംബ് ഭീഷണി; കനത്ത സുരക്ഷ

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അതിപ്രശസ്തമായ ഇന്ത്യന്‍ മ്യൂസിയത്തിന് ബോംബ് ഭീഷണി. മ്യൂസിയം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി ഇ-മെയില്‍ സന്ദേശമായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്ത പൊലീസിന് ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. ജീവനക്കാരെയെല്ലാം പുറത്താക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

‘മ്യൂസിയത്തിനകത്ത് ബോംബ് വെച്ചിരിക്കുന്നു, രാവിലെ അത് പൊട്ടിത്തെറിക്കും’ എന്നായിരുന്നു കൊല്‍ക്കത്ത പൊലീസിന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം. ‘ടെററൈസര്‍ 111’ എന്ന ഗ്രൂപ്പില്‍ നിന്നുമാണ് ഇ- മെയില്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്നാണ് ഇ മെയില്‍ അയച്ചതെന്നത് കണ്ടെത്താനായി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിവസം 2500 മുതല്‍ 3000 വരെ സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ് ഇന്ത്യന്‍ മ്യൂസിയം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കൊല്‍ക്കത്ത പൊലീസും ബോംബ് സ്‌ക്വാഡും സ്നീഫര്‍ ഡോഗുകളും സ്ഥലത്തെത്തി. മ്യൂസിയം മുഴുവനായും അടച്ചു. സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. കെട്ടിടം മുഴുവനായി പരിശോധിക്കുകയാണ് പൊലീസ്.

കൊല്‍ക്കത്തയിലെ പ്രധാന ചരിത്ര സ്മാരകങ്ങളിലൊന്നാണ് ഇന്ത്യന്‍ മ്യൂസിയം. 1814ല്‍ പണി കഴിഞ്ഞ കെട്ടിടത്തിലാണ് ഇന്ത്യന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ അതിപുരാതന മ്യൂസിയങ്ങളിലൊന്നാണ് ഇത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ മള്‍ട്ടിപര്‍പ്പസ് മ്യൂസിയമാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം.

Top