ആര്‍.ബിഐയിലും ബാങ്ക് ഓഫീസുകളിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; ധനമന്ത്രിയുടെ രാജി ആവശ്യം

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബിഐ) യുടെയും എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്കുകളുടെയും ഓഫീസുകളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. തിങ്കളാഴ്ച ആര്‍.ബിഐ ഓഫീസിലേക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ധനമന്ത്രി നിര്‍മല സീതാരാമന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളില്‍ 11 ബോംബാക്രമണങ്ങള്‍ നടക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തിലുള്ള 11 സ്ഥലങ്ങളിലും തങ്ങള്‍ അന്വേഷണം നടത്തിയെന്നും പക്ഷേ ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പോലീസ് പറഞ്ഞു.

khilafat.india@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്‌. സംഭവത്തില്‍ മുംബൈയിലെ എംആര്‍എ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top