ഇറാനിയൻ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം ഇന്ത്യൻ വ്യോമപരിധി കടന്നു

ദില്ലി: ഇന്ത്യയുടെ വ്യോമപാതയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. അതേസമയം വിമാനം ഇന്ത്യൻ വ്യോമ പരിധിയിൽ നിന്ന് പുറത്ത് കടന്നതായി സ്ഥിരീകരിച്ചു.

മഹാൻ എയർലൈൻസ് കമ്പനിയുടെ ഇറാനിലെ ടെഹ്‌റാനിൽ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള വിമാനമായിരുന്നു ഇത്. ഇന്ത്യൻ വ്യോമപരിധിയിൽ എത്തിയ വിമാനം ദില്ലി എയർ ട്രാഫിക് കൺട്രോളിനെ ബന്ധപ്പെട്ടു. ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ഇതോടെ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കാൻ ദില്ലി എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അറിയിച്ചു. എന്നാൽ വിമാനം ഇത് അനുസരിക്കാതെ ചൈനയിലേക്ക് പറക്കുകയായിരുന്നു.

വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് – സു 30എംകെഐ യുദ്ധ വിമാനങ്ങളാണ് പറന്നുയർന്നത്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികളെല്ലാം സ്ഥിതി വിലയിരുത്തുകയാണ്.

 

Top