അമിതാഭ് ബച്ചന്റെ മുംബൈയിലെ വീടിന് ബോംബ് ഭീഷണി

മിതാഭ് ബച്ചന്റെ മുംബൈയിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി നാഗ്‍പൂര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ചൊവ്വാഴ്ചയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ധര്‍മ്മേന്ദ്രയുടെ മുംബൈയിലെ വീട്ടിലും ബോബ് സ്ഥാപിച്ചിട്ടുള്ളതായി ഇയാള്‍ ഭീഷണിപ്പെടുത്തി. നാഗ്പൂര്‍ പൊലീസില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് മുംബൈ പൊലീസിന്റെ ബോംബ് സ്ക്വാഡ് അമിതാഭ് ബച്ചന്‍റെയും ധര്‍മ്മേന്ദ്രയുടെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ല.

മുംബൈയില്‍ അതിസമ്പന്നര്‍ വസിക്കുന്ന ജൂഹുവിലാണ് അമിതാഭ് ബച്ചന് ആഡംബര ബംഗ്ലാവുകള്‍ ഉള്ളത്. ഝനക്, ഝല്‍സ, വല്‍സ, പ്രതീക്ഷ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകള്‍. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാന്‍ അമിതാഭ് ബച്ചന്‍ സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ഏറെക്കാലമായി അദ്ദേഹം തുടരുന്ന പതിവാണ് ഇത്. ധര്‍മ്മേന്ദ്രയുടെ ബംഗ്ലാവും ജൂഹുവില്‍ തന്നെയാണ്.

Top