കണ്ണൂരിലെ ബോംബ് നിര്‍മ്മാണം, ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബോംബ് നിര്‍മ്മാണം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജന്‍ ആരോപിച്ചു. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേര്‍ന്നാണ് കണ്ണൂരില്‍ ബോംബ് നിര്‍മ്മാണം നടന്നത്. ഗോഡ്‌സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ കലാപം ഉണ്ടാക്കാന്‍ ആര്‍എസ് എസുകാര്‍ ബോംബ് നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ദില്ലിയില്‍ നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലോകായുക്ത നിയമം ദുരുപയോഗപ്പെടുത്തിയേക്കാം. ലോകായുക്ത സിറിയക് ജോസഫിനെതിരായ ജലീലിന്റെ പരാമര്‍ശം ജലീല്‍ തന്നെ വിശദീകരിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു.

അതേ സമയം ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്.

 

Top