വിജയ്‌യുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ട്, അല്‍പസമയത്തിനകം പൊട്ടിത്തെറിക്കും; ഭീഷണി

ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. തമിഴ്നാട് സംസ്ഥാന പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സാലിഗ്രാമത്തിലെ വിജയ്‌യുടെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിജയ്‌യുടെ സാലിഗ്രാമിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അത് കുറച്ച് സമയത്തിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അജ്ഞാതന്‍ സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂമിന് നല്‍കിയ വിവരം. കോള്‍ വന്നപ്പോള്‍ തന്നെ നടനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു. ആദ്യം തന്നെ വിജയ്‌യുടെ മാതാപിതാക്കളെ വിവരം അറിയിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി. വിജയ്‌യും ഭാര്യ സംഗീതയും മക്കളും താമസിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലാണ്. അവിടത്തെ വീട്ടിലും പൊലീസ് സുരക്ഷ ഏര്‍പ്പെടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടുള്ള വകുപ്പിലാണ് തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോണ്‍വിളി എവിടെ നിന്നുമാണ് വന്നതെന്ന് അന്വേഷിച്ച പൊലീസ് ചെന്നൈയിലുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Top