തലശ്ശേരി ബോംബ് സ്ഫോടനം; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു

Bomb blast

തലശ്ശേരി: തലശേരി നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി.ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വ്യാപകമായ പരിശോധന നടത്തിയിരുന്നു. അതിനിടെ സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിക്കവെ വ്യാഴാഴ്ച രാവിലെ 11.30 ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനം നടന്നത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.

സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും സിപിഎമ്മും ആരോപിച്ചിരുന്നു. അതിനിടെ സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Top