അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും  സ്ഥിരീകരിച്ചു. കുന്ദൂസ് തലസ്ഥാനമായ ബന്ദറിലെ ഖാന്‍ അബാദ് ജില്ലയിലെ ഷിയാ പള്ളിയിലായിരുന്നു വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനമുണ്ടായത്.

ഈ സമയം പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.

ആഴ്ചകള്‍ക്ക് മുന്‍പ് താലിബാന്റെ മുഖ്യ വക്താവിന്റെ മാതാവിന്റ മരണാനന്തര ചടങ്ങിനിടെയും പള്ളിയില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കാബൂളിലെ ഐഎസ് കേന്ദ്രം താലിബാന്‍ സേന തകര്‍ക്കുകയും ഐഎസ് അംഗങ്ങളെ വധിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും സംഘര്‍ഷ പരമ്പര തുടരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top