കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്‌ഫോടനം; പൊലീസ് അന്വേഷിച്ച മിഥുന്‍ കീഴടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷിച്ച മിഥുന്‍ കീഴടങ്ങി. എടയ്ക്കാട് സ്‌റ്റേഷനിലാണ് മിഥുന്‍ ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറില്‍ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയില്‍ റിമാന്‍ഡ് ചെയ്യും.

ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.

Top