ബയ്‌റൂത്ത് ഇരട്ട സ്‌ഫോടനം ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബയ്റുത്ത്: ലബനനിലെ ബയ്‌റുത്തില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. തങ്ങളുടെ ചിന്തയും പ്രാര്‍ഥനയും ദുഃഖിതരായ കുടുംബങ്ങളോടും പരിക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ 78 പേര്‍ മരിച്ചതായും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ബാല്‍ക്കണികള്‍ തകര്‍ന്നുവീഴുകയും ജനാലകള്‍ പൊട്ടിച്ചിതറുകയും ചെയ്തു.

2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദെയ്ബ് പറയുന്നത്. സ്‌ഫോടനം നടന്ന വെയര്‍ഹൗസുകളിലൊന്നില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

Top