എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്

തലശ്ശേരി : എം.എല്‍.എ എ.എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്.

തലശ്ശേരി മാടപപ്പീടികയിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു.

ബോംബേറില്‍ കാര്യമായ നാശം നഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും പ്രാഥമിക വിവരം.

തലശ്ശേരിയില്‍ ഇന്നലെ വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളില്‍ സി.പി.എം, ആര്‍.എസ്.എസ്. നേതാക്കളുടെ വീടുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം വാഴയില്‍ ശശിയുടെ കല്ലായി തെരു രണ്ടാം ഗേറ്റിനടുത്തുള്ള വീട് ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് ഒരു സംഘം അക്രമികള്‍ തല്ലിത്തകര്‍ത്തത്. മഴു ഉപയോഗിച്ച് വാതില്‍ പിളര്‍ന്ന് അകത്ത് കയറിയ അക്രമികള്‍ ഫ്രിഡ്ജ്, വാട്ടര്‍ മോട്ടോര്‍, ടി.വി. തുടങ്ങിയതെല്ലാം തച്ചുടച്ചു. കിണറ്റില്‍ മാലിന്യങ്ങള്‍ തള്ളുകയും, ടോയ്‌ലറ്റ് പൈപ്പ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴു, ഇരുമ്ബുവടി, പാര തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

രാത്രി ഏഴുമണിയോടെയാണ് ആര്‍.എസ്.എസ്. ണ്ണൂര്‍ ജില്ലാ സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവങ്ങാട്ടെ വീടിന് നേരെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ പത്തംഗ സംഘം വീട് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

രണ്ടു സംഭവങ്ങളിലും തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Top