കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

Bomb blast

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

വിഷു ദിനത്തില്‍ പേരാമ്പ്രയില്‍ വച്ചുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വിഷുദിവസം രാത്രി 25 ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കാര്‍ത്തിക ഫാമിലി റസ്റ്റോറന്റ് അടിച്ചുതകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പേരാമ്പ്ര പൊലീസ് 12 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതിന് മുമ്പ് പലവട്ടം പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി ശിവജി സേനയുടെ ക്വട്ടേഷന്‍ സംഘം അക്രമം നടത്തിയിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവ സംയുക്തമായി പേരാമ്പ്രയില്‍ തിങ്കളാഴ്ച കടകളച്ച് ഹര്‍ത്താര്‍ ആചരിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടനകളും സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബേറ് ഉണ്ടായത്.

Top