ബോളിവുഡിന് പ്രതീക്ഷയേറ്റി ബ്രഹ്മാസ്ത്ര വരുന്നു: പ്രൊമോ വീഡിയോ

സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു ബോളിവുഡ്. എന്നാല്‍ ആ ചിത്രത്തെയും പ്രേക്ഷകര്‍ തഴഞ്ഞു. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ബ്രഹ്‍മാസ്ത്രയിലാണ് ഇപ്പോൾ ബോളിവുഡിന്റെ പ്രതീക്ഷ. സെപ്റ്റംബര്‍ 9 ന് ലോകമാകമാനം തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി.

അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈലിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1: ശിവ. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

Top