പാക് നിലപാടിനെ തള്ളി ; പ്രിയങ്ക ചോപ്രക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാമെന്ന് യു.എൻ

priyanka

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ.

യുനിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍മാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ തെറ്റില്ലെന്നും, താല്‍പര്യമോ വേവലാതിയോ ഉള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാനി ദുജാരിക് പറഞ്ഞു. ‘അവരുടെ വ്യക്തിപരമായ നിരീക്ഷണമോ പ്രവൃത്തികളോ യുനിസെഫിന്റേത് ആകണമം എന്നില്ല. യുനിസെഫിന്റെ ഭാഗമായി സംസാരിക്കുമ്പോള്‍ അവര്‍ പക്ഷപാതമില്ലാതെ പെരുമാറണമെന്നു മാത്രമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.’ സ്റ്റെഫാനി പറഞ്ഞു.

യുനിസെഫിന്റെ അംബാസഡറായ പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകവഴി യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പക്ഷപാതം കാണിക്കുകയും ചെയ്തുവെന്നുമായിരുന്നു പാകിസ്ഥാന്റെ ആരോപണം. പ്രിയങ്കയെ യുനിസെഫ് അംബാസഡര്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരി യു.എന്നിന് കത്തയക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ഭേദിച്ച് പാകിസ്ഥാനിലെ ബാലാകോട്ടില്‍ തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ചതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ പോസ്റ്റിട്ടത്.

Top