72ാം പിറന്നാള്‍ ദിനത്തില്‍ ജയലളിതയ്ക്ക് സിനിമാലോകം സമര്‍പ്പിച്ച സ്‌നേഹ സമ്മാനം!

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും മനോഹരമായ സമ്മാനം നല്‍കി സിനിമാ ലോകം. ജയലളിതയുടെ ജീവിതം പറയുന്ന ”തലൈവി” എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയാണ് ആ സ്‌നേഹം അവര്‍ പ്രകടിപ്പിച്ചത്.

ജയലളിതയുടെ 72ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ”തലൈവി” ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയുടെ വേഷത്തിലെത്തുന്നത്. വെള്ള സാരിയുടുത്ത് നെറ്റിയില്‍ ചുമന്ന പൊട്ടുതൊട്ട് ചിരിക്കുന്ന കങ്കണയുടെ മുഖം ജയലളിതയുടെ മുഖവുമായി നല്ല സാമ്യമാണ്. കൂടാതെ മറ്റൊരു പോസ്റ്റില്‍ ജയലളിതയുടെ ഒറിജിനല്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രം തമിഴിയിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്നാണ് വിവരം.

ഈ ചിത്രം ജയലളിതയുടെ ജീവിതത്തിലെ പല കാര്യങ്ങളും, അതായത് അധികം ആരും അറിയാത്ത കാര്യങ്ങള്‍ പോലും ചൂണ്ടികാട്ടുന്നതാണ് എന്നാണ് പോസ്റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘തലൈവി’ ജയലളിതയുടെ സിനിമ- രാഷ്ട്രീയ ജീവിതം ചൂണ്ടിക്കാണിക്കുന്നതാണെന്ന് നേരത്തേ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറില്‍ നിന്നും വ്യക്തമായിരുന്നു. ജയലളിതയുടെ പഴയകാല സിനിമയിലെ ഒരു നൃത്തവും രാഷ്ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവുമായിരുന്നു ടീസറില്‍.

Top