ബോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ പ്രണയം കണ്ട് എടുത്ത പടം; റോക്കി ഓര്‍ റാണി കീ പ്രേം കഹാനി

നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് റോക്കി ഓര്‍ റാണി കീ പ്രേം കഹാനി. രണ്‍വീര്‍ സിങ്ങ് ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ ടൈറ്റില്‍ റോളുകള്‍ കൈകാര്യം ചെയ്തത്.  ആഗോളതലത്തില്‍ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ സുപ്രധാന കാര്യത്തെക്കുറിച്ച് പങ്കുവക്കുകയാണ് സംവിധായകനായ കരണ്‍ ജോഹര്‍. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കരണ്‍ ജോഹറിന് റോക്കി ഓര്‍ റാണി കീ പ്രേം കഹാനിക്ക് പ്രചോദനമായത് എന്നാണ് പറയുന്നത്.  ഇരുവരും തന്റെ അടുത്ത സുഹ്രത്തുക്കളാണ്, നിരവധി സമയം അവരുമായി സമയം ചിലവഴിച്ചിട്ടുണ്ടെന്നും കരണ്‍ പറയുന്നു. ദാമ്പത്യത്തില്‍ അവര്‍ ഗംഭീരമായ ഒരു ഫ്രണ്ട്ഷിപ്പിലാണ്. ചിലപ്പോള്‍ അവിചാരിതമായി അവരുടെ കഥ ഇന്‍സ്‌പെയര്‍ ആയിരിക്കാം. കാരണം പോലുമില്ലാതെ തമ്മില്‍ തമ്മില്‍ എന്നും സന്തോഷിപ്പിക്കുന്ന വ്യക്തികളാണവരെന്നും മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ജോഹര്‍ പറയുന്നു.

ചെറുപ്പം മുതലേ ട്വിങ്കിളിന്റെ സുഹൃത്തായിരുന്നു കരണ്‍ ജോഹര്‍. രണ്ടുപേരും ഒരേ ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്. 1998-ല്‍ ആദ്യമായി സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാ ഹേയില്‍ ടീന എന്ന കഥാപാത്രം ട്വിങ്കിളിനെ കണ്ടാണ് കരണ്‍ തയ്യാറാക്കിയത്. റാണി മുഖര്‍ജിയാണ് പിന്നീട് ആ വേഷം ചെയ്തത്. കോഫി വിത്ത് കരണ്‍ എന്ന സുപരിചിതമായ ടോക്ക് ഷോയില്‍ സീസണ്‍ 5 ല്‍ അക്ഷയും ട്വിങ്കിളും ഒരുമിച്ച് എത്തിയിരുന്നു.

Top