ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 130 സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ബിഗ് ബി; വില 1.30 കോടി രൂപ

ഡംബര എസ്.യു.വിയുടെ അവസാന വാക്കായ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍. ഡിഫന്‍ഡറിന്റെ 130 എച്ച്.എസ്.ഇ മോഡലാണ് ബിഗ് ബിയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. സെഡോണ റെഡ് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ ആഡംബര എസ്.യു.വിക്ക് 1.30 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 90, 110 മോഡലുകള്‍ മുന്‍പ് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നെങ്കിലും ഡിഫന്‍ഡര്‍ 130 എന്ന മോഡല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഡിഫന്‍ഡര്‍ എസ്.യു.വിയുടെ ലോങ്ങ് വീല്‍ ബേസ് മോഡലായാണ് 130 പതിപ്പ് എത്തിയിരിക്കുന്നത്. എച്ച്.എസ്.ഇ, എക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് ഈ പതിപ്പ് എത്തിയിട്ടുള്ളത്. ഡീസല്‍ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന. 3.0 ലിറ്റര്‍ ഡി300 എന്‍ജിനാണ് ഡീസല്‍ മോഡലിന് കരുത്തേകുന്നത്. ഇത് 292 ബി.എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. 3.0 ലിറ്റര്‍ പി400 ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 389 ബി.എച്ച്.പി. പവറും 550 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡിഫന്‍ഡറിലുള്ളത്.

ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസിലും ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തിയാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്. ഡിസൈനില്‍ ഡിഫന്‍ഡറിന്റെ ആദ്യമെത്തിയ മോഡിന്റെ പിന്‍ഗാമിയായാണ് ഡിഫന്‍ഡര്‍ 130 ഒരുങ്ങിയിട്ടുള്ളത്.

ഫീച്ചറുകളും മറ്റ് ഡിഫന്‍ഡറുകളുമായി പങ്കിട്ടാണ് എത്തുന്നത്. ലാന്‍ഡ് റോവറിന്റെ പിവി പ്രോ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 11.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകള്‍, ആഡംബര തുളുമ്പുന്ന സീറ്റുകള്‍, സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോര്‍ഡ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ അകത്തളത്തിനെ അലങ്കരിക്കുന്ന പ്രധാന ഘടകങ്ങള്‍.

Top