കോടികള്‍ വാരുന്ന ബോളിവുഡ് താരങ്ങള്‍; സല്‍മാനെ മറികടന്ന് ഒന്നാമനായി അക്ഷയ്

മൊത്തം നിര്‍മാണച്ചെലവിന്റെ ഇരട്ടിയിലേറെയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയിലഭിനയിക്കാന്‍ കൈപ്പറ്റുന്നത്. ഇപ്പോള്‍ അക്ഷയ് കുമാറാണ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന അഭിനേതാവായിമാറിയിരിക്കുന്നത്. സല്‍മാന്‍ ഖാനെ മറികടന്നാണ് അക്ഷയ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ അക്ഷയ് കുമാര്‍ എന്ന പേര് ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡുകളിലൊന്നായിമാറുകയാണ്. വലിയ പ്രതിഫലം വാങ്ങുന്ന താരം എന്ന ടാഗ് ലൈനാണ് അക്ഷയ് തന്നോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മിഷന്‍ മംഗളിന്റെ ഉജ്ജ്വലവിജയത്തിനുശേഷം ഒരു സിനിമയ്ക്ക് താരം ഈടാക്കുന്ന പ്രതിഫലം 72 കോടിയായിരുന്നു.

ഒന്നാംസ്ഥാനം നേരിയ വ്യത്യാസത്തിന് നഷ്ടമായെങ്കിലും അക്ഷയ്കുമാറിന് തൊട്ടുപുറകില്‍ 60 കോടി പ്രതിഫലവുമായി സല്‍മാന്‍ഖാനുണ്ട്. 58 കോടിയുമായി മൂന്നാംസ്ഥാനത്ത് ആമീര്‍ഖാനുമുണ്ട്. തൊട്ടുപിന്നാലെ ഷാരൂഖ് ഖാനും ഹൃത്വികുമാണ്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി എന്ന പട്ടം സ്വന്തമാക്കിയിരിക്കുന്നത് ദീപികാ പദുകോണും കങ്കണ റണൗട്ടും ആണ്. ദീപിക കഴിഞ്ഞവര്‍ഷം സിനിമയില്‍നിന്നുമാത്രം 113 കോടിയാണ് അക്കൗണ്ടിലേക്ക് എത്തിച്ചത്. ജയലളിതയുടെ ബയോപിക്കില്‍ അഭിനയിക്കാനൊരുങ്ങുന്ന കങ്കണ ചിത്രത്തിനായി 23 കോടി പ്രതിഫലം വാങ്ങിയെന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

Top