ശസ്ത്രക്രിയക്ക് വിധേയനായി ബോളിവുഡ് താരം സെയ്ഫ് അലിഖാൻ;പരുക്ക് ചിത്രീകരണത്തിനിടെ

കാൽമുട്ടിനും ട്രൈസെപ്സിനും ശസ്ത്രക്രിയ ചെയ്ത്‌ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. മുമ്പ് ഒരു ചിത്രത്തിന്റെ ആക്ഷൻ രംഗം അഭിനയിച്ചുകൊണ്ടിരിക്കേ താരത്തിന് പരിക്ക് സംഭവിച്ചിരുന്നു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് താരമിപ്പോൾ.

ചെറിയ ശസ്ത്രക്രിയയാണ് നടന്നതെന്നും ഏറെ നാളായി ചെയ്യണമെന്നുവിചാരിച്ച് നീണ്ടുപോയതായിരുന്നു ഇതെന്നും സെയ്ഫ് അലി ഖാനോട് അടുത്ത വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ദേവര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ സെയ്ഫിന് തോളിനും കാൽമുട്ടിനും പരിക്കുപറ്റി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ ശസ്ത്രക്രിയ പഴയ പരിക്കുമായി ബന്ധപ്പെട്ടാണെന്നും അവർ അറിയിച്ചു.

“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടർമാരുടെ അത്ഭുതകരമായ കൈകളിൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, അവരുടെ സ്നേഹത്തിനും കരുതലിനും ഞാൻ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു,” ശസ്ത്രക്രിയയ്ക്കു ശേഷം സെയ്ഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദിപുരുഷ് എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഖാൻ അവസാനമായി അഭിനയിച്ചത്. പ്രഭാസ്, കൃതി സനോൻ എന്നിവരും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഓം റൗട്ടാണ്. ജൂനിയർ എൻടിആർ, ജാൻവി കപൂർ എന്നിവർക്കൊപ്പം തെലുങ്ക് ചിത്രമായ ദേവരയിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Top