കിങ്ഖാന്റെ വീട്ടിലെ അതിഥിയാവണോ? അവസരമൊരുക്കി താരം

സിനിമ മേഖലകളില്‍ താഴ്‌വേരുകളില്ലാതെ വന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ താരമാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിന്റെ കിങ്ഖാന്റെ ഓരോ വിശേഷവും ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. കിങ് ഖാന്റെ ജന്മദിനത്തിന് ആയിരകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ മുംബൈയിലെ ‘മന്നത്ത്’ എന്ന വീട്ടില്‍ നേരിട്ട് ആശംസയറിയിക്കാനെത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ തന്റെ ഡല്‍ഹിയിലെ ആര്‍ഭാടവസതിയിലേക്ക് താമസിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കുകയാണ് കിങ്ങ് ഖാന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ട വിശേഷം താരം പങ്കുവച്ചത്.

”ഞങ്ങളുടെ ഡല്‍ഹിയിലെ വീട് ഗൗരിഖാന്‍ റീഡിസൈന്‍ ചെയ്യുകയും നൊസ്റ്റാള്‍ജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കുന്നത്.” വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ എയര്‍ ബിഎന്‍ബിയ്ക്ക് (airbnb) ഒപ്പം ചേര്‍ന്നാണ് കിങ്ങ് ഖാന്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വീടിന്റെ അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ചിത്രത്തോടൊപ്പമാണ് ഷാരൂഖ് ഖാന്‍ കുറിപ്പ് പങ്കുവെച്ചത്.

Top