‘അവര്‍ എന്നും ഹീറോ’; ക്യാന്‍സറിനോട് പൊരുതുന്ന സൊനാലി ബെന്ദ്രെയെ കുറിച്ച് അനുപം ഖേര്‍

ക്യാന്‍സറിനോട് പൊരുതുന്ന ബോളിവുഡിന്റെ പ്രിയതാരം സൊനാലി ബെന്ദ്രെയ്ക്കു എല്ലാവിധ ധൈര്യവും പിന്തുണയും നല്‍കി ബോളിവുഡ് ലോകവും ഒപ്പം തന്നെയുണ്ട്. താരത്തെ ന്യൂയോര്‍ക്കിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് അനുപം ഖേര്‍, ഹൃത്വിക് റോഷന്‍, സൂസന്ന ഖാന്‍, ഗായത്രി ഒബ്‌റോയി എന്നിവര്‍. കൂടാതെ മറ്റു താരങ്ങളും ആരാധകരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്കായി പ്രാര്‍ത്ഥിയ്ക്കുന്നുമുണ്ട്.

സൊനാലിയെ സന്ദര്‍ശിച്ച ശേഷം സൊനാലിയെ കുറിച്ച് പറയുകയാണ് അനുപം ഖേര്‍. സൊനാലിയ്‌ക്കൊപ്പം കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും എന്നാല്‍ തങ്ങള്‍ നിരവധി തവണ മുംബൈയില്‍ വെച്ച് കണ്ടു മുട്ടിയിട്ടുണ്ടെന്നും അവര്‍ എന്നും വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും അവര്‍ക്ക് എന്നും തന്റെ മനസില്‍ ഹീറോയുടെ സ്ഥാനമായിരിക്കുമെന്നും അനുപം ട്വിറ്ററില്‍ കുറിച്ചു.

ക്യാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞ ശേഷവും വളരെ ധൈര്യത്തോടെ തന്നെയാണ് അതിനെതിരെ സൊനാലി പോരാടുന്നത്. ഒരുപാട് വേദന അനുഭവിക്കുന്ന സമയമാണിതെന്നും എങ്കിലും താന്‍ ഇഷ്ടമുള്ളതെല്ലാം ചെയ്യുമെന്നും ഇഷ്ടപ്പെട്ടവരുടെ കൂടെ ചിലവഴിക്കുമെന്നും യഥാര്‍ഥ സൗഹൃദമെന്തെന്ന് തനിക്ക് തന്റെ സുഹൃത്തുക്കള്‍ കാണിച്ചു തരുന്നുണ്ടെന്നുമാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

താരം തന്നെയാണ് തന്റെ അസുഖ വിവരത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. ക്യാന്‍സറിനെതിരെ പൊരുതാനുള്ള ശക്തി നല്‍കും വിധം ആരാധകര്‍ അയച്ച സ്‌നേഹവും അനുഗ്രഹവും നിറഞ്ഞ മെസേജുകള്‍ക്ക് അവര്‍ നന്ദി പറയുകയും ചെയ്തിരുന്നു.

‘ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സൊനാലി ബെന്ദ്രെ ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്. തന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്നും താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി ആരാധകരോട് പറഞ്ഞിരുന്നു.

Top