മോദിയുടേത്, ചോദ്യങ്ങളെ തട്ടിമാറ്റി ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം: അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോദി സര്‍ക്കാരിന്റേതെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എന്‍.യു അക്രമത്തെ കുറിച്ച് പ്രതികരിക്കവെയായിരുന്നു മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അനുരാഗ് കശ്യപ് രംഗത്ത് വന്നത്.

ചോദ്യങ്ങളെ അവര്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യത്തെ വിഭജിച്ച്, അവര്‍ രണ്ട് വിഭാഗം ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അതായത്, ദേശദ്രോഹികളും ദേശഭക്തരും. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ദേശദ്രോഹികളെന്നും മോദി ഭക്തരെ ദേശഭക്തരെന്നും അവര്‍ വിളിക്കുന്നു.” അനുരാഗ് കശ്യപ് പറഞ്ഞു.

മോദിയും അമിത് ഷായും രാജ്യത്ത് മുഴുവന്‍ ഗുണ്ടാസംഘങ്ങളെ വാര്‍ത്തെടുക്കുകയാണെന്ന് ആരോപിച്ച അനുരാഗ് കശ്യപ് അക്രമമാണ് അവരുടെ പാതയെന്നും വിമര്‍ശിച്ചു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തൊട്ട് പതിയെ പതിയെ ജെ.എന്‍.യുവിലെ അക്രമ സംഭവം വരെ അവര്‍ ഉണ്ടാക്കിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

അനുരാഗ് കശ്യപിന് പുറമേ ബോളിവുഡ് സംവിധായകരായ വിശാല്‍ ഭരദ്വാജ്, സോയാ അക്തര്‍, അഭിനേതാക്കളായ താപ്‌സി പന്നു, റിച്ച ചദ്ദ എന്നിവര്‍ മുംബൈയിലെ അപ്പ് കാര്‍ട്ടര്‍ റോഡില്‍ എത്തി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Top