ബോളിവുഡ് സുന്ദരി ദിയ മിര്‍സയ്ക്ക്‌ ആണ്‍കുഞ്ഞ് പിറന്നു

ബോളിവുഡ് സുന്ദരി ദിയ മിര്‍സയുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മകന്റെ കുഞ്ഞുവിരലുകള്‍ പിടിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്നും മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് ഇപ്പോള്‍ നിയോനേറ്റല്‍ ഐസിയുവില്‍ ആണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം ദിയ കുറിച്ചു. താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് കരീന കപൂര്‍, കരീഷ്മ കപൂര്‍, റിച്ച ഛദ്ദ, അനുഷ്‌ക ശര്‍മ, താപ്സി പന്നു, സാമന്ത അക്കിനേനി, കൊന്‍കൊണ സെന്‍, ആദിത്യ ഷെട്ടി, ബിപാഷ ബസു എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് സുന്ദരി ദിയ മിര്‍സയും കാമുകന്‍ വൈഭവ് രേഖിയും തമ്മില്‍ വിവാഹിതരായത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം.താന്‍ അമ്മയാകുന്നുവെന്ന വാര്‍ത്ത ഏപ്രില്‍ മാസം താരം ആരാധകരോട് അറിയിച്ചിരുന്നു. വിവാഹ നാളുകളില്‍ ഗര്‍ഭിണിയായിരുന്നുവെന്നും വിവാഹത്തിന്റെ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദിയ തുറന്നു പറഞ്ഞിരുന്നു.

നടിയുടെ രണ്ടാം വിവാഹമാണിത്. സാഹില്‍ സംഘയുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ നിന്നും 2019 ഓഗസ്റ്റില്‍ നടി വേര്‍പിരിഞ്ഞു. വൈഭവ് രേഖിയ്ക്ക് സുനൈന രേഖിയുമായുള്ള ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.

 

Top