രാജ് കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയവരില്‍ ബോളിവുഡ് നടി പൂനം പാണ്ഡെയും

മുംബൈ: നീലച്ചിത്രനിര്‍മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്‌ക്കെതിരേ മൊഴി നല്‍കിയവരില്‍ ബോളിവുഡ് നടി പൂനം പാണ്ഡെയും. അഡല്‍ട്ട് ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ആംസ്‌പ്രൈം മീഡിയുമായി പൂനം കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയത്.

ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് പൂനം പ്രതികരിച്ചു. തന്റെ ഹൃദയം ശില്‍പ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ലെന്നും പൂനം വ്യക്തമാക്കി.

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പൊലീസ് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകള്‍ക്കെതിരെയുള്ള പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് കുന്ദ്രയെ വിളിപ്പിച്ചിരുന്നു. പൂനം നല്‍കിയ പരാതിയെക്കുറിച്ചും അന്ന് അന്വേഷണമുണ്ടായി ആരോപണവിധേയനായ വ്യക്തിയുടെ വെബ് സീരീസുകളുമായി തനിക്ക് ബന്ധമില്ലെന്നും മേല്‍പ്പറഞ്ഞ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയില്‍ നിന്ന് താന്‍ പുറത്ത് കടന്നുവെന്നും കുന്ദ്ര പൊലീസിന് മൊഴിനല്‍കി. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം അന്ന് സമര്‍പ്പിച്ചിരുന്നു.

കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടാക്കാമെന്നും പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top