‘പുഷ്പ ദി റൂളി’ല്‍ നൃത്തചുവടുകളുമായി ബോളിവുഡ് താരം ജാന്‍വി കപ്പൂര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘പുഷ്പ ദി റൂളി’ല്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭാഗമാകുമെന്ന് സൂചനകള്‍. ചിത്രത്തില്‍ താരത്തിന്റെ ഡാന്‍സ് മൂവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ സാമന്തയായിരുന്നു നൃത്ത ചുവടുകളുമായി എത്തിയത്. പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ ജാന്‍വിയെ സമീപിച്ചതായാണ് സൂചന.

‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റര്‍. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകന്‍ അല്ലു അര്‍ജ്ജുന്‍ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

Top