എംജി ഹെക്ടര്‍ എസ്.യു.വി സ്വന്തമാക്കി ഹേമ മാലിനി

പുതിയ എംജി ഹെക്ടര്‍ എസ്.യു.വി സ്വന്തമാക്കി ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ ഹേമ മാലിനി. മുംബൈയിലെ എംജി ഷോറൂമില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം വരെ വില വരുന്ന ഹെക്ടര്‍ എസ്.യു.വിയുടെ ഏറ്റവും ഉയര്‍ന്ന ഷാര്‍പ്പ് വേരിയന്റാണ് ഹേമ മാലിനി സ്വന്തമാക്കിയത്.

തന്റെ സഹോദര ഭാര്യയാണ് ഈ കാര്‍ വാങ്ങാന്‍ നിര്‍ദേശിച്ചത്. ഹെക്ടര്‍ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും അല്‍പം ഉയരം കൂടുതലുള്ള കാറാണ് തനിക്ക് വേണ്ടത് അതിനാലാണ് ഹെക്ടര്‍ തിരഞ്ഞെടുത്തതെന്നും എംജി മോട്ടോഴ്സ് മുംബൈ വെസ്റ്റ് ഷോറൂം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഹേമ മാലിനി പറഞ്ഞു.

ഇന്ത്യന്‍ വാഹന ലോകത്ത് ആവേശങ്ങള്‍ സൃഷ്ടിച്ചാണ് ജൂണ്‍ അവസാനം എംജി, ഹെക്ടര്‍ അവതരിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ 28000 ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.

കാന്‍ഡി വൈറ്റ് നിറത്തിലുള്ളതാണ് ഈ ഹെക്ടര്‍. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ ഹെക്ടറാണ് താരം തിരഞ്ഞെടുത്തത്. 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഹെക്ടറിന് പുറമേ മെഴ്സിഡിസ് ബെന്‍സ് എംഎല്‍ ക്ലാസ്, ഹ്യുണ്ടായ് സാന്റ ഫെ, ഔഡി ക്യൂ 5 തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഹേമ മാലിനിയുടെ കൈവശം നേരത്തെയുണ്ട്.

Top