വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ്താരം ദീപിക പദുക്കോണ്‍. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് മടങ്ങിയത്.

ആക്രമണത്തില്‍ പരിക്കേറ്റ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ദീപിക ആശ്വസിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന നടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാറും ജെഎന്‍യു ക്യാമ്പസില്‍ എത്തിയിട്ടുണ്ട്.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദുരക്ഷാദള്‍ ഏറ്റെടുത്തിരുന്നു. ഇതിനിടെ സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസിപ്പോള്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചിരുന്നു.

Top