പ്രശസ്ത ബോളിവുഡ് നടന്‍ റിയോ കപാഡിയ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ (66) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടന്റെ സുഹൃത്ത് ഫൈസല്‍ മാലിക്കാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അര്‍ബുദ ബാധിതനായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഗുര്‍ഗാവിലുള്ള ശിവ് ധാം ശംശാന്‍ ഭൂമിയില്‍ നടക്കും. നിരവധിപേരാണ് നടന്റെ മരണത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുടുത്തുന്നത്.

കഴിഞ്ഞവര്‍ഷമാണ് റിയോക്ക് അര്‍ബുദം പിടിപെടുന്നത്. ചക് ദേ ഇന്ത്യ, ഹാപ്പി ന്യൂ ഇയര്‍, മര്‍ദാനി, ഖുദാ ഹാഫിസ്, ദ ബിഗ് ബുള്‍, ഏജന്റ് വിനോദ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടനാണ് റിയോ കപാഡിയ. ഈയിടെ മെയ്ഡ് ഇന്‍ ഹെവന്‍ 2 എന്ന പരമ്പരയിലും സാന്നിധ്യമറിയിച്ചു.

സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലേയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു റിയോ കപാഡിയ. സിദ്ധാര്‍ത്ഥ് തിവാരിയുടെ മഹാഭാരതത്തില്‍ ഗാന്ധാരിയുടെ പിതാവായ ഗാന്ധാര രാജാവ് സുബലനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. സപ്‌നേ സുഹാനേ ലഡക്പന്‍ കേ ആണ് പ്രധാനപ്പെട്ട മറ്റൊരു പരമ്പര.മരിയാ ഫറാ ആണ് റിയോ കപാഡിയയുടെ ഭാര്യ. അമന്‍, വീര്‍ എന്നിവര്‍ മക്കളാണ്.

Top