ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

മുംബൈ : ബോളിവുഡിലെ മുതിര്‍ന്ന താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍. ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യ സൈറ ബാനു പറഞ്ഞു. 98കാരനായ ദിലീപ് കുമാര്‍ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്.

കൂടാതെ, കഴിഞ്ഞ മാസം പതിവ് പരിശോധനയ്ക്കായി രണ്ട് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ആറ് ദശകങ്ങളായി ബോളിവുഡില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ദിലീപ് കുമാര്‍ ഏകദേശം 65ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ട്രാജഡി കിംഗ് എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ദേവദാസ് (1955), നയാ ദൗര്‍ (1957), ഗംഗാ ജമുന (1961), ക്രാന്തി (1981) കര്‍മ (1986) എന്നിവയാണ് ദിലീപ് കുമാറിന്റെ പ്രശസ്ത ചിത്രങ്ങള്‍.

1998ല്‍ ഇറങ്ങിയ ഖില ആണ് അവസാന ചിത്രം. 1994ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും 2015ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 

Top