‘ആര്‍ട്ടിക്കിള്‍ 370’; റദ്ദാക്കിയതില്‍ പ്രതികരണവുമായി ബോളിവുഡ് താരം അനുപംകേര്‍

anupam-kher

മുംബൈ: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതില്‍ പ്രതികരണവുമായി ബോളിവുഡ് താരം അനുപംകേര്‍. ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരു ക്യാന്‍സറായിരുന്നു, ഇപ്പോള്‍ അതിന് ചികിത്സ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജമ്മു-കശ്മീരിനെ ദോഷകരമായി ബാധിച്ചിരുന്ന ഒരു കാന്‍സറായിരുന്നു ആര്‍ട്ടിക്കിള്‍ 370. എനിക്ക് സന്തോഷമുണ്ട്, ഒടുവില്‍ ഞങ്ങള്‍ അതിന് ഒരു ചികിത്സ കണ്ടെത്തി, ഇനി നമുക്ക് ജമ്മു-കശ്മീരിന്റെ വികസനത്തിലേക്കും സമാധാനത്തിലേക്കും നീങ്ങാം’, അദ്ദേഹം പറഞ്ഞു.

അതുല്യ ഭാരതത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിവസമാവും ഇതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തിങ്കളാഴ്ചയാണ് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതായും ജമ്മു കശ്മീരിനെ വിഭജിച്ച് 2 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചതായും പ്രസ്താവിച്ചത്.

ബിജെപി അനുഭാവിയും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്യുന്ന അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റ് ആണ്.

Top