പ്രമുഖ ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടൻ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാർത്ത പുറത്തുവിട്ടത്.

ഏറെ വേദനയോടെയാണ് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേർ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അർപ്പിച്ചു. രണ്ടു ദിവസം മുൻപാണ് സംവിധായകൻ ജാവേദ് അക്ബറിന്റെ വീട്ടിൽ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.

1956 ഏപ്രിൽ 13ന് ജനിച്ച സതീഷ് നടൻ, സംവിധായകൻ, നിർമാതാവ്. കൊമേഡിയൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. രാം ലഖൻ, സാജൻ ചാലെ സസുരാൽ, ജാനേ ബി ദോ യാരോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ശേഖർ കപൂറിന്റെ മിസ്റ്റർ ഇന്ത്യയിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിക്കൊടുത്തു. രൂപ് കി റാണി, ചാരോൺ കാ രാജ, ഹം ആപ്‌കെ ദിൽ മെയ്ൻ രഹ്‌തെ ഹേ, തേരെ നാം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. രാകുൽ പ്രീത് സിങ്ങിനൊപ്പമുള്ള ഛത്രിവാലിയിലാണ് അവസാനം അഭിനയിച്ചത്. കങ്കണയുടെ എമർജൻസിയാണ് പുതിയ ചിത്രം.

Top