കൂടുതല്‍ പ്രതിഫലം ലഭിക്കേണ്ടത് ആര്‍ക്കെന്ന് ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്‍

ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍.

താരത്തന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ കേന്ദ്ര കഥാപാത്രമായെത്തുന്ന സൈറാ വസീമിനല്ലേ കൂടുതല്‍ പ്രതിഫലം കൊടുക്കേണ്ടതെന്ന ചോദ്യത്തിന് ആമിര്‍ നല്‍കിയ ഉത്തരം ഇതാണ്.

‘അഭിനേതാക്കള്‍ പുരുഷനോ സ്ത്രീയോ എന്ന് നോക്കിയിട്ടല്ല പ്രതിഫലം നല്‍കുന്നത്. അഭിനയ രംഗത്തെ പ്രശസ്തിയും ആരാധകരുടെ എണ്ണവുമാണ് പ്രതിഫലം നിശ്ചയിക്കുന്നത്. സിനിമ മേഖലയില്‍ രണ്ട് തരത്തിലുള്ള പ്രതിഫലമാണ് നല്‍കുക. ആദ്യത്തേത് ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ്. മറ്റ് അഭിനേതാക്കള്‍ ചെയ്യുന്ന അതേ ജോലിയാണ് ഞാനും ചെയ്യുന്നത്. അവര്‍ക്കും തുല്യ പ്രതിഫലം ലഭിക്കണം. അതോടൊപ്പം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കൊപ്പം പ്രതിഫലം ലഭിക്കേണ്ടതാണ്.

പ്രതിഫലം നിശ്ചയിക്കുന്നതില്‍ രണ്ടാമത്തെ മാനദണ്ഡം ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാനുള്ള താര മൂല്യമാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ സാധിക്കണമെന്നില്ല. സലിം ജാവേദിന്റെ എഴുത്തും എ.ആര്‍ റഹാമാന്റെ സംഗീതവും എല്ലാം ഇത്തരത്തില്‍ ജനങ്ങളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നവരാണ്’

തന്നെക്കാള്‍ കൂടുതല്‍ ആരാധകരെ തീയേറ്ററില്‍ എത്തിക്കാന്‍ സൈറക്ക് സാധിക്കുമ്പോള്‍ തീര്‍ച്ചയായും തന്നെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നും, അതിനൊരിക്കലും സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും താരം പറഞ്ഞു.

Top